ഗുണ്ടകൾ നടുറോഡിൽ ഏറ്റുമുട്ടി; തലസ്ഥാനത്ത് വീണ്ടും കൊലപാതകം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ വീണ്ടും ഗുണ്ടാ വിളയാട്ടം. നിയമസഭാ മന്ദിരത്തിന് തൊട്ടു പുറകില്‍ ഗുണ്ടാസംഘങ്ങള്‍ സ്വെെര്യമായി വിഹരിക്കുന്ന ബാര്‍ട്ടണ്‍ഹില്ലില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഗുണ്ടുകാട് സ്വദേശി അനി എന്ന് വിളിക്കുന്ന എസ്.പി. അനില്‍കുമാര്‍ (40) വെട്ടേറ്റു മരിച്ചു. അനേകം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവന്‍ എന്ന ക്രിമിനലാണ് അനിലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

ബാര്‍ട്ടണ്‍ഹില്‍ ലാ-കോളേജിന് സമീപം വഴിയരികില്‍ ഗുരുതരമായി വെട്ടേറ്റ് ചോര വാര്‍ന്ന് കിടന്ന അനിലിനെ സുഹൃത്തുക്കളും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനില്‍ വെട്ടേറ്റ് കിടന്ന പരിസരത്ത് നിരവധി വീടുകളുണ്ടെങ്കിലും രക്ഷിക്കാന്‍ ആരും കൂട്ടാക്കിയില്ലെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസെത്തിയാണ് അനിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അനിലിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ ആട്ടോറിക്ഷാ ഡ്രൈവറായ അനിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അനിലിനോട് പ്രതിയായ ജീവന് മുന്‍ വൈരാഗ്യമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മ്യൂസിയം പൊലീസ് പറഞ്ഞു.

തലസ്ഥാന നഗരിയിലെ കരമനയില്‍ രണ്ടാഴ്ചക്കു മുമ്പാണ് മയക്കുമരുന്നു സംഘം ഒരു യുവാവിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. നാടിനെ നടുക്കിയ ആ സംഭവത്തിനു ശേഷം ലഹരി മരുന്ന് വിതരണ സംഘങ്ങളെയും ഗുണ്ടാ സംഘങ്ങളേയും അമര്‍ച്ച ചെയ്യാന്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെങ്കിലും കൃത്യമായ ഫലം കണ്ടില്ല. നിരവധി പേര്‍ പോലീസ് വലയിലായെങ്കിലും കൊലപാതകം ഉള്‍പ്പെടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പിന്നീടും തലസ്ഥാനത്ത് നടന്നു. മുമ്പ് നടന്ന കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിനു മുമ്പാണ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് വീണ്ടും ഗുണ്ടാ ആക്രമണവും മറ്റാെരു കൊലപാതകവും നടക്കുന്നത്.