പുൽവാമ ഭീകരാക്രമണം; തീവ്രവാദികള്‍ ഉപയോഗിച്ചത് അമേരിക്കൻ നിർമ്മിത ‘വെർച്ച്വൽ സിം’

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ചാവേര്‍ ആക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് ഭീകരന്‍ ഉപയോഗിച്ചത് അമേരിക്കന്‍ കമ്പനിയുടെ ‘വെര്‍ച്വല്‍ സിമ്മാണെന്ന് അന്വേഷണ ഉദ്യാഗസ്ഥര്‍ കണ്ടെത്തി. ഭീകരന്‍ അദില്‍ ദാര്‍ പാകിസ്ഥാനിലെയും കാശ്മീരിലെയും തന്റെ കൂട്ടാളികളുമായി ഫോണിലൂടെ ആശയവിനിമയം നടത്തിയത്  അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനിയുടെ ‘വെര്‍ച്വല്‍ സിം’ ഉപയോഗിച്ചാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിള്‍ കൂടുതല്‍ അന്വേഷണത്തിനായി ഇന്ത്യയിലെ സുരക്ഷാ ഏജൻസികള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെടും. വെര്‍ച്ച്വല്‍ സിമ്മില്‍ നിന്നും വിളിച്ചതും അതിലേക്ക് ബന്ധപ്പെട്ടതുമായ നമ്പരുകള്‍, സിം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇന്റര്‍നെറ്റ് പ്രോട്ടോകാള്‍ അഡ്രസ് തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് ലഭ്യമാക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെടും.

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങള്‍ കൃത്യനിര്‍വ്വഹണത്തിനായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ ആശയവിനിമയ സാങ്കേതിക വിദ്യയാണ് വെര്‍ച്വല്‍ സിം. വിളിച്ചാല്‍ നമ്പര്‍ പ്രത്യക്ഷപ്പെടാത്ത രീതിയില്‍ നവമാദ്ധ്യമങ്ങളുമായി കണക്ട് ചെയ്യുന്ന തരത്തില്‍ സൃഷ്ടിച്ചെടുത്ത കമ്പ്യൂട്ടര്‍ സഹായത്തോടെ നിര്‍മ്മിച്ചെടുത്ത ഒരു നമ്പറിലാണ് ഭീകരര്‍ സംഘാംഗങ്ങളുമായി ബന്ധപ്പെടുന്നത്.

പുല്‍വാമ ആക്രമണ സമയത്തും അതിനു മുമ്പും അദില്‍ ദാര്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ജയ്ഷെ ഭീകര സംഘവുമായി വെര്‍ച്വല്‍ സിം ഉപയോഗിച്ച് നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചു. ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും പിന്നീട് ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം വധിക്കുകയും ചെയ്ത ഭീകര സംഘത്തിലെ പ്രധാനിയായ മുദാസിര്‍ ഖാനുമായും അദില്‍ ദാര്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന്റെ അന്വേഷണത്തിന് വഴിത്തിരിവായേക്കാവുന്ന ഈ തെളിവുകള്‍ ഇന്ത്യ അമേരിക്കക്ക് ഉടന്‍ കൈമാറുമെന്നാണ് വിവരം.