ഇന്ത്യൻ വിപണി കീഴടക്കാൻ ആപ്പിളിന്റെ പുത്തൻ വാച്ച് മോഡലുകൾ

ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പറഞ്ഞതിനു പിന്നാലെ ആപ്പിൾ തങ്ങളുടെ കിടിലൻ ഉപകരണങ്ങളുമായി വിപണിയിൽ നിറയുകയാണ്. ഇപ്പോൾ തങ്ങളുടെ പുത്തൻ വാച്ച് ബാന്റുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ സ്പ്രിംഗ് കളക്ഷന്റെ ഭാഗമാണ് പുതിയ മോഡൽ പുറത്തിറക്കിയത്. സ്‌പോർട്ട് ബാൻഡായും ഇതിനെ ഉപയോഗിക്കാവുന്നതാണ്.
നൈക്കി പ്ലസ്, ആപ്പിൾ വാച്ച് എന്നിങ്ങനെയാണ് ആപ്പിൾ അവതരിപ്പിച്ച വാച്ച് ബാൻഡ് മോഡലുകളുടെ പേര്. വാച്ച് ഓ.എസ് 5.2 അധിഷ്ഠിതമായാണ് പുതിയ മോഡലിന്റെ പ്രവർത്തനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഡെൽഫ് ബ്ലൂ, പപ്പായ, സ്പിയർമിന്റ് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് ആപ്പിൾ സ്‌പോർട്‌സ് ബാൻഡ് വിപണിയിലെത്തുന്നത്. എല്ലാ മോഡലുകൾക്കും 3,900 രൂപ തന്നെയാണ് വില. നിറമനുസരിച്ച് വിലയ്ക്കു മാറ്റം വരുന്നില്ല. നിലവിലെ ട്രെന്റ് അനുസരിച്ച് മോഡേൺ ബക്കിൾ കളക്ഷനാണ് മോഡലുകളിലുള്ളത്. കോർൺഫ്‌ളവർ, സൺസെറ്റ് ലിലാക് കളർ ബാൻഡുകളും ഇതിൽപ്പെടും. ഇത്തരം മോഡലുകൾക്ക് 12,900 രൂപ നൽകണം.

ആപ്പിളിന്റെ തെരഞ്ഞെടുത്ത ഓഫ്‌ലൈൻ ഔട്ട്‌ലെറ്റകളിലൂടെയും ആപ്പിൾ ഓതറൈസ്ഡ് റീസെല്ലർമാർ വഴിയും ആപ്പിൾ ബാൻഡ് വാച്ചുകൾ സ്വന്തമാക്കാം. ഈ മാസം അവസാനത്തോടെ ഇവ വിപണിയിലെത്തുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നിരവധി മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയത്. ഐപാഡ്, ഐമാക്, എയർപോഡ് എന്നിവ ഇതിൽപ്പെടും. പുതിയ ആപ്പിൾ ഐപാഡ് മിനിയുടെ വില ആരംഭിക്കുന്നത് 34,900 രൂപ മുതലാണ്. 10.5 ഇഞ്ച് ഐപാഡ് എയറിന്റെ വില ആരംഭിക്കുന്നത് 44,900 രൂപമുതലും 21.5 ഇഞ്ച് ഐമാക്കിന്റെ വില ആരംഭിക്കുന്നത് 1,19,900 രൂപ മുതലുമാണ്. സിരി വോയിസ് അസിസ്റ്റൻസുമായെത്തിയ എയർപോഡുകൾക്കും വിപണിയിൽ വൻ ഡിമാന്റ് ലഭിക്കും എന്നതിൽ സംശയമില്ല. 14,900 രൂപ മുതലാണ് എയർപോഡുകളുടെ വില ആരംഭിക്കുന്നത്. വയർലെസ് ചാർജിംഗ് കെയിസുള്ള മോഡലിൻ വില കൂടും.

ഇതിലൂടെ ആപ്പിൾ ഇന്ത്യൻ വിപണിയിൽ വ്യക്തമായ ചലനം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.