ഒരു മാസത്തിനിടെ സൂര്യാഘാതമേറ്റത് 118 പേർക്കെന്ന് ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് സൂര്യാപത മുന്നറിയിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിൽ സൂര്യഘാതമേറ്റത് 118 പേർക്കെന്ന് റിപ്പോർട്ട്. ഈ ആഴ്ച മാത്രം 55 പേർക്ക് സൂര്യതാപമേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി സൂര്യാഘാതത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ അഞ്ച് ജില്ലകളിൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താലനില ഉയർന്നേക്കും. അതിനാൽ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ എന്നീ ജീല്ലകൾക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

അതേസമയം തിരുവനന്തപുരത്തും കണ്ണൂരിലുമായി രണ്ടുപേർ മരിച്ചത് സൂര്യാതപമേറ്റെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കാരോട് സ്വദേശി കരുണാകരനാണ് കൃഷിപ്പണിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്. കരുണാകരൻ്റെ പുറത്തും കയ്യിലും പൊള്ളലേറ്റ പാടുകളുണ്ട്. പയ്യന്നൂർ വെള്ളോറയിൽ കാടൻ വീട്ടിൽ നാരായണനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നാരായണൻ്റെ കാലുകളിൽ പൊള്ളലേറ്റ പാടുകളുണ്ട്. എന്നാൽ മരണകാരണം സൂര്യാതപമാണോയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.