‘കേരളത്തിലെ സീറ്റ് വിഭജനം അപക്വം; സ്ഥാനാർത്ഥി നിർണയത്തിൽ നടന്നത് ഗ്രൂപ്പ് വീതം വെയ്പ്പ്’; വിമർശനവുമായി പി.സി ചാക്കോ

ഡൽഹി: കേരളത്തിലെ ലോക് സഭാ സ്ഥാനാര്‍ത്ഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ  വിമര്‍ശനവുമായി പിസി ചാക്കോ. കേരളത്തിൽ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിൽ നേതാക്കളുടെ ഗ്രൂപ്പ് വീതം വയ്ക്കലാണുണ്ടായതെന്നും സ്ഥാനാർത്ഥി നിര്‍ണയം നടത്തിയത് അപക്വമായ രീതിയിലായിരുന്നുവെന്നും പിസി ചാക്കോ പറഞ്ഞു. സങ്കുചിത താൽപര്യങ്ങൾക്ക് അപ്പുറം പാർട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നും  പിസി ചാക്കോ വിമർശിച്ചു.

സീറ്റ് നിർണയം നല്ല രീതിയിൽ കൊണ്ടുപോകാമായിരുന്നു. വയനാട് സീറ്റിൻ്റെ കാര്യത്തിൽ ഗ്രൂപ്പ് തർക്കമുണ്ടായിരുന്നതായും പി.സി ചാക്കോ ഓര്‍മ്മിപ്പിക്കുന്നു. എന്നാൽ ഗ്രൂപ്പ് തർക്കം കാരണമാണ് രാഹുലിനെ വയനാട്ടിലെത്തിക്കുന്നതെന്ന വിമർശനം ശരിയല്ലെന്നും പിസി ചാക്കോ ഡൽഹിയിൽ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം വയനാട്ടില്‍ മല്‍സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും പി.സി.ചാക്കോ പറഞ്ഞു. തന്റെ അറിവില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടില്ല. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസി നിര്‍ദേശത്തോട് രാഹുല്‍ഗാന്ധി അനുകൂല നിലപാട് എടുത്തതായി അറിയില്ല. രാഹുലിനെ ക്ഷണിച്ചത് കോണ്‍ഗ്രസുകാരുടെ വികാരമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചു എന്നുള്ള വ്യാജേന പ്രചാരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും പാടില്ലായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.

എന്നാൽ ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും പി സി ചാക്കോ പറഞ്ഞു. കേരളത്തില്‍ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്.തമിഴ്‌നാടും കര്‍ണാടകയും രാഹുലിന് വേണ്ടി സീറ്റ് ഒഴിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് ഇതേപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പി സി ചാക്കോ വ്യക്തമാക്കി