‘രാഹുൽഗാന്ധി മത്സരിക്കണമെന്നത് കേരളത്തിൻ്റെ പൊതുവികാരം; സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം നാളെ’: ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നത് കേരളത്തിലെ പൊതുവികാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ അതിൻ്റെ പ്രഭാവം ദക്ഷിണേന്ത്യ മുഴുവൻ അലയടിക്കുമെന്നും അത് കോൺഗ്രസിന് കൂടുതൽ ഊർജ്ജം പകരുമെന്നും ചെന്നിത്തല പറഞ്ഞു. അതിനാൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യത്തിൽ തീരുമാനം വൈകരുതെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം രാഹുൽ ഗാന്ധി വയനാട്ടില്‍ സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകില്ല. നാളെ ചേരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ വയനാടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ കേരളത്തിലെത്തുവെന്ന വാർത്ത വന്നതോടെ സിപിഎമ്മും ബിജെപിയും വിളറി പിടിച്ച അവസ്ഥയിലാണ്. രാഹുൽ മത്സരിക്കേണ്ടത് ബിജെപിയോടാണെന്നും ഇടത് പക്ഷത്തോടല്ലെന്നുമുള്ള  മുഖ്യമന്ത്രിയുടെ വാക്കുകൾ സിപിഎമ്മിൻ്റെ പരാജയഭീതിയിൽ നിന്നുമുണ്ടായിട്ടുള്ളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഇടത് മുന്നണിയുടേയും അവസരവാദ സമീപനമാണ്  ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചാൽ അതിവിടുത്തെ ജനങ്ങൾക്ക് കിട്ടുന്ന സുവര്‍ണ്ണാവസരമാകും. ഇടത് പക്ഷത്തിൻ്റെ എതിരാളി ബിജെപിയാണെങ്കിൽ വയനാട്ടിൽ രാഹുലിനെതിരായ പോരാട്ടത്തിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ഇടത് മുന്നണി തയ്യാറാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. രാഹുലെത്തിയാൽ  കേരളത്തിൽ ഇരുപത് സീറ്റുകളിലും കോൺഗ്രസിന് അനായാസ വിജയമുണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇടത് മുന്നണിയ്ക്ക് ഇത്ര ആശങ്കയെന്നും അതുകൊണ്ടാണ് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ ഇടത് മുന്നണി എതിർക്കുന്നുവെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.