വയനാട് സീറ്റ്: രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു; ആശയക്കുഴപ്പമില്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: വയനാട് സീറ്റിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൻ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം രാഹുൽഗാന്ധിയുടേത് ആയിരിക്കുമെന്നും തീരുമാനം വൈകുന്നതിൽ ആശയക്കുഴപ്പമില്ലെന്നും കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് മണ്ഡലത്തില മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ്മൻചാണ്ടി വ്യക്തമാക്കി. അതിനിടെ ഇന്ന് രാവിലെ 11 മണിക്ക് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്താനിരുന്ന വാരത്താസമ്മേളനം റദ്ദാക്കി. രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായേക്കുമെന്ന സംസ്ഥാന നേതാക്കളുടെ വിശദീകരണത്തിന് പിന്നാലെ നിശ്ചയിച്ചിരുന്ന പത്രസമ്മേളനമാണ് റദ്ദാക്കിയത്.

പശ്ചിമബംഗാളിലെ പ്രചാരണം കഴിഞ്ഞ് രാഹുല്‍ ഡൽഹിയിൽ തിരിച്ചെത്തിയാലുടൻ വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഡൽഹിയിൽ തിരിച്ചെത്തിയ രാഹുലിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍  എതിരഭിപ്രായങ്ങൾ ഉയർന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

അതേസമയം രാഹുൽഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ പാര്‍ട്ടി നാളെ തീരുമാനമെടുത്തേക്കും. നാളെ ഡൽഹിയിൽ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.