രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പിണറായി; കോൺഗ്രസ് നൽകുന്ന സന്ദേശമെന്തെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ കേരളത്തില്‍ വന്ന് മല്‍സരിക്കുന്നതിലൂടെ ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്ന സന്ദേശമാണ് കോണ്‍ഗ്രസ്സ് രാജ്യത്തിന് നല്‍കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ അപ്രസക്തമായ ബി.ജെ.പിയെ നേരിടാന്‍ വയനാട്ടില്‍ വന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എന്തിനാണെന്നും ഇതിലൂടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് നല്‍കുന്ന സന്ദേശം എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം ബിജെപിയെ പരാജയപ്പെടുത്തുക എന്നതു തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യമെന്നും ബിജെപിക്കെതിരേയുള്ള ശക്തമായ നീക്കമാണ് ദേശീയ തലത്തില്‍ മതനിരപേക്ഷതയില്‍ ഉറച്ച് നില്‍ക്കുന്ന എല്ലാ പാര്‍ട്ടികളും കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ പ്രധാന ശക്തികളായ ബി.എസ്.പിയും എസ്.പിയും അമേഠി ഉള്‍പ്പെടെ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ്സിനായി മാറ്റിവെച്ചതും പിണറായി വിജയന്‍ ചൂണ്ടാക്കാട്ടി.

അതേസമയം, രാഹുൽ മൽസരിച്ചാൽ വയനാട്ടില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. തിരഞ്ഞെടുപ്പിന് ശേഷമല്ലേ വിജയിയെ അറിയാന്‍ കഴിയൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.