ബി.ജെ.പിക്കായി പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ; തൃശൂർ ത്രിശങ്കുവിൽ..

ന്യൂഡല്‍ഹി: ഒടുവിൽ, പത്തനംതിട്ടയിലും ബി.ജെ.പി-ക്ക് സ്ഥാനാര്‍ത്ഥിയായി. കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്നും ജനവിധി തേടുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നു. ബി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലം ഉള്‍പ്പെടുത്തിയിരുന്നില്ല. കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മല്‍സരിക്കുമെന്ന സൂചന നിലനിന്നിരുന്നുവെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. അല്‍പം മുമ്പ്  പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പമാണ് പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെയും പ്രഖ്യാപിച്ചത്.

ശബരിമല വിഷയത്തിൽ മുന്നിൽ നിന്ന കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ആക്കണമെന്ന് ശക്തമായ ആവശ്യം പാർട്ടിയിൽ തന്നെ ഉയർന്നിരുന്നു. ഇതിന് പിന്നാലെ പത്തനംതിട്ട സീറ്റിന് വേണ്ടി ശ്രീധരൻപിള്ളയും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും കൂടി രംഗത്ത് വന്നതോടെ കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തിലായി. പത്തനംതിട്ട സീറ്റിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവോ, ബി.ജെ.പിയുടെ മുതിർന്ന നേതാക്കളോ വരുമെന്ന പ്രചാരണവും നടന്നു. ഇതിനിടയിലാണ് വളരെ നാടകീയമായി സുരേന്ദ്രന്റെ പേര് ബി.ജെ.പി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്.

എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്-മായുള്ള സീറ്റ് തര്‍ക്കമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയതെന്നും സൂചനയുണ്ട്. അതേസമയം തൃശ്ശൂര്‍ സീറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഉപാധികള്‍ അംഗീകരിക്കാതെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്  നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മത്സരിച്ച് തോറ്റാല്‍ പകരം രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ തൃശൂര്‍ സീറ്റില്‍ ബി.ജെ.പി തന്നെ മല്‍സരിക്കുമെന്നാണ് വിവരം.