‘ഇതിലും വലിയ അംഗീകാരം കിട്ടാനില്ല’; രാഹുൽഗാന്ധിക്കായി പിന്മാറുന്നു: ടി.സിദ്ദീഖ്

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് വയനാട് സീറ്റിൽ മത്സരിക്കുന്നതിനായി താന്‍ പിന്മാറുന്നുവെന്ന് നിലവിലെ സ്ഥാനാർഥി ടി സിദ്ദിഖ്. ഏതൊരു കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണിതെന്നും രാഹുൽഗാന്ധിക്കായി പിന്മാറുന്നതിൽ തനിക്ക് അഭിമാനമാണെന്നും സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിലും വലിയ അംഗീകാരം കിട്ടാനില്ലെന്നും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാട്ടിലെ ജനങ്ങള്‍ക്ക് രാജ്യത്തിന് പ്രധാനമന്ത്രിയെ നൽകാനുള്ള സുവർണാവസരം  ആണിതെന്നും സിദ്ദീഖ് വ്യക്തമാക്കി.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ അതിൻ്റെ പ്രഭാവം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവനുണ്ടാകും. രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ രംഗത്ത് വന്നിരുന്നെങ്കിലും അതിനുള്ള ഭാഗ്യമുണ്ടായത് കേരളത്തിനാണെന്നും ടി സിദ്ദിഖ് പറഞ്ഞു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി മുന്നോട്ട് വന്നതിന് പിന്നാലെയാണ് സിദ്ദീഖിൻ്റെ പ്രതികരണം.

അതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു. കെ.പി.സി.സിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന്  അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രണ്ടുമണിക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് താൽപര്യമുണ്ടെന്നും  കെ.പി.സി.സിയുടെ ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടിയും പ്രതികരിച്ചു.