പ്രിയന്‍ – ലാല്‍ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചരിത്ര സിനിമ;

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ വീണ്ടുമൊരു മലയാള ബിഗ് ബഡ്ജറ്റ് ചിത്രമൊരുങ്ങുന്നു. ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം മോഹൻലാൽ തന്റെ സ്വന്തം ബ്ലോഗിൽ പ്രേക്ഷകർക്കായി പങ്കുവച്ചു. സിനിമയുടെ ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും പകരുന്നതായിരുന്നു മോഹൻലാലിൻറെ ബ്ലോഗെഴുത്ത് ഏതെങ്കിലും ഒരു കാര്യത്തിന് വേണ്ടി അത്രമേല്‍ ആത്മാര്‍ത്ഥമായിട്ടാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതു സാധിച്ചു തരാനും നേടിയെടുക്കാനുമായി ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന വാക്യം കുഞ്ഞാലിമരയ്ക്കാരുടെ അവസാനത്തെ ഷോട്ട് എടുത്തപ്പോള്‍ തനിക്ക് ബോധ്യമായെന്ന് മോഹന്‍ലാല്‍ പറയുന്നു.

അറിയുന്നതും അറിയാത്തതുമായ പ്രപഞ്ച ശക്തികളുടെ അനുഗ്രഹവും സഹായവും ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ സിനിമ ചിത്രീകരിച്ചുതീര്‍ക്കാന്‍ സാധിക്കില്ലായിരുന്നു. ഏതു വലിയ കലാസൃഷ്ടിയും അത് ചെയേ്ത തീരൂ എന്ന തീഷ്ണമായ ആഗ്രഹം അതിൻ്റെ അവസാന പടിയില്‍ എത്തുമ്പോഴാണ് സംഭവിക്കുന്നത്. ഇനിയിത് എഴുതാതിരിക്കാനാവില്ല. ഇനിയിത് ചെയ്യാതിരിക്കാനാവില്ല എന്ന അവസ്ഥ. ആ ഒരു അവസ്ഥയില്‍ ഞാനും പ്രിയനും എത്തിയിരുന്നു. അങ്ങിനെയാണ് രണ്ടും കല്പിച്ച് ഞങ്ങള്‍ ഇറങ്ങിയതെന്നും മോഹന്‍ലാല്‍ സാക്ഷ്യപ്പെടുത്തുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ബോളിവുഡിലെയും തെന്നിന്ത്യൻ സിനിമയിലെയും വമ്പൻ താരങ്ങളെ അണിനിരത്തിയയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സുനിൽ ഷെട്ടി, പ്രഭു, പ്രഭുദേവ, അർജുൻ, കിച്ചാ സുദീപ് കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ മധു, നെടുമുടിവേണു, സിദ്ദിഖ്, മുകേഷ് തുടങ്ങയവർ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഒടിയന് ശേഷം മോഹൻലാൽ മഞ്ജു വാരിയരും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ദീർഘ കാലത്തേ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി ആയിരുന്ന സുഹാസിനി മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന പ്രേത്യേകതയും ഈ ചിത്രത്തിനുണ്ട്.ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.

ബ്ലോഗിന്റെ പൂര്‍ണരൂപം:

Marakkar – Arabikadalinte Simham