രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സി; സിദ്ദീഖ് പിന്മാറുമെന്ന് സൂചന

തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി കെപിസിസി. ഇക്കാര്യം കെപിസിസി രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടു. വയനാട്ടിൽ സ്ഥാനാർത്ഥിയാകണമെന്നുള്ള ആവശ്യം രാഹുൽഗാന്ധിയുടെ പരിഗണനയിലാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു.

ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് താൽപര്യമുണ്ടെന്നും  കെ.പി.സി.സിയുടെ ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വയനാട്ടിലെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത ടി സിദ്ദീഖിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ടി. സിദ്ദീഖ് പിന്മാറാമെന്ന് അറിയിച്ചതായും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഉന്നയിച്ചു. രാഹുൽ മത്സരിക്കുന്നതിൽ ഘടക കക്ഷികൾക്ക് സമ്മതമാണെന്നും രാഹുൽഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽഗാന്ധി മത്സരത്തിനിറങ്ങിയാൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.