‘തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണം’; മത്സരിക്കാൻ ബിജെപിക്ക് മുന്നിൽ ഉപാധികൾ വെച്ച് തുഷാർ വെള്ളാപ്പള്ളി

ഡൽഹി: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിന് ബിജെപിക്ക് മുന്നിൽ ഉപാധികൾ വെച്ച് ബിഡിജെഎസ് ജനറൽ സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് തുഷാർ ബിജെപി നേതൃത്വത്തിനോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ തുഷാറിൻ്റെ ആവശ്യത്തിന് ബിജെപി പ്രതികരിച്ചിട്ടില്ല. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി തുഷാർ ഡൽഹിയിൽ തുടരുകയാണ്.

തൃശ്ശൂർ മണ്ഡലത്തിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും എന്നാൽ താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പിക്കാനായിട്ടില്ലെന്നും തുഷാർ നേരത്തേ പറഞ്ഞിരുന്നു. തൃശ്ശൂരിൽ മത്സരിക്കണമെന്ന് മോദിയും അമിത് ഷായും  ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി യോഗം ചേർന്ന ശേഷം മത്സരിക്കുന്ന കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കിയിരുന്നു. പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശൂര്‍ സീറ്റുമായി ബന്ധമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.