‘തൃശ്ശൂരിൽ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കും; സ്ഥാനാർത്ഥിയാകുന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല’: തുഷാർ വെള്ളാപ്പള്ളി

ഡൽഹി: പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശൂര്‍ സീറ്റുമായി ബന്ധമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തൃശ്ശൂർ മണ്ഡലത്തിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും എന്നാൽ താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പിക്കാനായിട്ടില്ലെന്നും തുഷാർ പറഞ്ഞു. തൃശ്ശൂരിൽ മത്സരിക്കണമെന്ന് മോദിയും അമിത് ഷായും  ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി യോഗം ചേർന്ന ശേഷം മത്സരിക്കുന്ന കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നും തുഷാര്‍ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ തൃശ്ശൂരുൾപ്പെടെ അഞ്ച് സീറ്റുകളാണ് എൻഡിഎ മുന്നണി ബി.ഡി.ജെ.എസിന് നൽകിയിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനടക്കം മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച മണ്ഡലമാണ് തൃശ്ശൂർ. പാർട്ടി താൽപര്യം മുൻനിർത്തി സുരേന്ദ്രനും സീറ്റ് വിട്ട് നല്‍കുമ്പോള്‍ തുഷാര്‍ അവിടെ മത്സരിക്കണമെന്നമ് ബിജെപിയുടെ ആവശ്യം. അതേസമയം തുഷാറിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ പകരം മറ്റൊരു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ തൃശൂരില്‍ നിർത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

തുഷാര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ കടുത്ത നിലാപാടെടുത്ത എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നായിരുന്നു ആദ്യം വെള്ളാപ്പള്ളി സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ തുഷാറിൻ്റെ സ്ഥാനാർത്ഥിത്വം ഏകദേശം ഉറപ്പായി കഴിഞ്ഞപ്പോൾ വെള്ളാപ്പള്ളി മലക്കം മറിഞ്ഞു. തുഷാർ മത്സരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ഭാരവാഹിത്വം ഒഴിയണമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.