ഡിജിപി ജേക്കബ് തോമസ് വിരമിച്ചു: ഇനി രാഷ്ട്രീയത്തിലേക്ക്; ചാലക്കുടിയിൽ ട്വൻ്റി-20 സ്ഥാനാർത്ഥിയായേക്കും

ഡിജിപി ജേക്കബ് തോമസ് ഐ.പി.എസ് ഉദ്യോഗത്തിൽ നിന്നും സ്വയം വിരമിച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിൻ്റെ ഭാഗമായാണ് സസ്പെൻഷനിലായിരുന്ന ജേക്കബ് തോമസ് ജോലി രാജിവെച്ചത്. ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർഥിയായി ലോക്സഭാ സീറ്റിലേക്ക് ജേക്കബ് മത്സരിച്ചേക്കുമെന്നാണ് സൂചന. ഉദ്യോഗത്തിൽ നിന്നും സ്വയം വിരമിച്ച ജേക്കബ് തോമസ് വിആര്‍എസിനായി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി.

സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതിനാലാണ് ജേക്കബ് ഐ.പി.എസ് സ്ഥാനം രാജിവച്ചതെന്നാണ് സൂചന. ചാലക്കുടിയിൽ ട്വൻ്റി-20 മുന്നണിയുടെ പോരാളിയായി ജേക്കബ് കളത്തിലിറങ്ങിയാൽ അത് എൽ.ഡി.എഫിനും യുഡിഎഫിനും കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്.

ഇതാദ്യമായാണ് കേരള ചരിത്രത്തിൽ സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, അതും ഡിജിപി റാങ്കിലുള്ളയാൾ ജോലി രാജി വച്ച് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനൊരുങ്ങുന്നത്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സർക്കാരിനെതിരെ പരസ്യവിമർശനമുന്നയിച്ചതിന്റെ പേരിൽ 2017 ഡിസംബർ മുതൽ സസ്പെൻഷനിലായിരുന്നു.