ദേശീയ നേതാക്കൾക്ക് യദ്യൂരപ്പ 1800 കോടി നൽകി; ബിജെപിക്കെതിരെ വൻ കോഴ ആരോപണവുമായി കോൺഗ്രസ്

ഡൽഹി: ലോക്സഭാ തോരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കി വൻ കോഴ ആരോപണവുമായി കോൺഗ്രസ്. കർണാടകയിലെ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ യദ്യൂരപ്പ  2008 – 09 കാലഘട്ടത്തിൽ ദേശീയ നേതാക്കൾക്ക് 1800 കോടി രൂപ കോഴ നൽകിയതായി വെളിപ്പെടുത്തൽ. കാരവാൻ മാഗസിനെ ഉദ്ധരിച്ച് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുരജ്വാലയാണ് ആരോപണവുമായി രംഗത്ത് വന്നത്. കാരവാൻ മാഗസിന്റെ യെദ്യൂരപ്പ ഡയറീസ് എന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാവ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കർണ്ണാടകത്തിൽ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ് യെദ്യൂരപ്പ കേന്ദ്രനേതൃത്വത്തിന്  കോഴ നൽകിയതെന്നാണ് ആരോപണം.

ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത യെദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങളാണ് കാരവാൻ മാഗസിൻ പുറത്തുവിട്ടത്.യെദ്യൂരപ്പയുടെ കൈപ്പടയിലുളളതാണ് ഡയറിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.  ഡയറിയിൽ യദ്യൂരപ്പയുടെ കയ്യൊപ്പുമുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുൺ ജയ്റ്റ്‌ലി, നിതിൻ ഗഡ്കരി തുടങ്ങിയ നേതാക്കൾക്ക് വൻതുക കൈമാറിയെന്നാണ് കോൺഗ്രസ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നത്.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് യദ്യൂരപ്പ 1000 കോടി, അരുൺ ജെയ്റ്റലിക്കും നിതിൻ ഗഡ്കരിക്കും 150 കോടി, രാജ്നാഥ് സിങ് 100 കോടി, അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി, ജഡ്ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് കേസിനുളള ഫീസായി- 50 കോടി, ഡ്കരിയുടെ മകൻ്റെ വിവാഹത്തിന് യദ്യൂരപ്പ 10 കോടി എന്നിങ്ങനെ വൻ തുക കോഴ നൽകിയതായാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്ന ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

2017 മുതൽ ആദായനികുതി വകുപ്പിന്‍റെ പക്കൽ ഈ രേഖകളുണ്ടായിരുന്നിട്ടും യദ്യൂരപ്പയ്ക്കെതിരെ ഒരു നടപടിയും ആദായനികുതി വകുപ്പ് എടുക്കാത്തതെന്താണെന്നും കോൺഗ്രസ് ചോദിക്കുന്നു. ഇത്രയധികം പണം യെദ്യൂരപ്പയുടെ പക്കൽ എവിടെ നിന്നാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഇടപാടുകൾ നടന്നതെന്നാണ് കോണ്‍ഗ്രസിൻ്റെ ആരോപണം. മുമ്പ് യെദ്യൂരപ്പയുടെ വീട്ടില്‍  ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് സാമ്പത്തിക ഇടപാടിൻ്റെ വിവരങ്ങള്‍ പുറത്തു വരുന്നത്.  2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.