ഐ.പി.എൽ മാമാങ്കത്തിന് നാളെ കൊടിയേറ്റം

ചെന്നൈ: ഐ.പി.എൽ പന്ത്രണ്ടാം സീസണിന് നാളെ തുടക്കം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.ഉത്ഘാടനച്ചടങ്ങുകൾ ഒഴിവാക്കുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഐപിഎല്ലിനുണ്ട്.  ഉദ്ഘാടന ചടങ്ങുകൾക്കായി മാറ്റിവച്ച തുക പുൽവാമയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനാണ് തീരുമാനം.

മൂന്ന് വട്ടം കിരീടം ചൂടി ഐ.പി.എല്ലില്‍ രാജാക്കന്മാരായി വാഴുന്ന ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും, 2 വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ബെംഗളുരു, ഡെവിള്‍സെന്ന പേരു മാറ്റി  വരുന്ന ഡല്‍ഹി ക്യാപ്പിറ്റൽസ്, രഹാനെയും, സ‍ഞ്ജുവും, സ്റ്റീവ് സ്മിത്തും ബെന്‍ സ്റ്റോക്ക്സുമുള്ള രാജസ്ഥാന്‍ റോയല്‍സ്, ക്രിസ് ഗെയിലിന്റെ പഞ്ചാബ് എന്നീ ടീമുകളാണ് കുട്ടിക്രിക്കറ്റിലെ ഈ സീസണിൽ പോരിനിറങ്ങുന്നത്.

വിദേശികളടക്കം ഇരുന്നൂറോളം കളിക്കാരാണ് ഇത്തവണ ഐപിഎല്ലിൽ പോരിനിറങ്ങുന്നത്. പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്ക് നേരിടുന്ന സ്റ്റീവൻ സ്മിത്തും, ഡേവിഡ് വാർണറും ഈ പ്രാവശ്യവും കളത്തിലിറങ്ങും. എട്ട് നഗരങ്ങളിലായി രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്നതാണ് സീസൺ. ലോകകപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന താരങ്ങൾക്ക് പ്രതീക്ഷയാണ് ഈ സീസൺ. ലോകകപ്പ് മുന്നിൽ കണ്ട് പല താരങ്ങൾക്കും നേരത്തെ സ്വന്തം രാജ്യേത്തേക്ക് മടങ്ങേണ്ടി വരുമെന്നുള്ളത് ടീമുകൾക്ക് പ്രതിസന്ധിയായേക്കും.