ജെയ്ഷെ മുഹമ്മദ് ഭീകരൻ സജ്ജാദ് ഖാൻ ഡൽഹിയിൽ അറസ്റ്റിൽ

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ പ്രതിയായ ജെയ്ഷേ മുഹമ്മദ് ഭീകരൻ സജ്ജാദ് ഖാൻ അറസ്റ്റിൽ. ഇന്നലെ രാത്രി ഡൽഹിയിലെ റെഡ് ഫോര്‍ട്ടിന് സമീപത്ത് നിന്നാണ് സജ്ജാദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഇയാളെ പിടികൂടിയത്. കമ്പിളിക്കച്ചവടക്കാരാനായി വേഷം മാറി ജീവിക്കുകയായിരുന്നു സജ്ജാദ് പിടിയിലാകുന്നത്. സജ്ജാദിൻ്റെ രണ്ട് സഹോദരന്മാരും ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പുൽവാമ ഭീകരാക്രണത്തിലെ മുഖ്യ സൂത്രധാരൻ മുദ്ദസിറിൻ്റെ അടുത്ത അനുയായിയാണ് സജ്ജാദ്. മുദ്ദസിർ പിന്നീട് ത്രാലില്‍  സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പുൽവാമയിൽ ആക്രമണത്തിന് ഉപയോഗിച്ച വാഹനം സജ്ജാദിൻ്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഫെബ്രുവരി 14ന് പുൽവാമയിൽ സിആർപിഎഫ് സൈനിക വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഓടിച്ച് കയറ്റിയുണ്ടായ സ്ഫോടനത്തിൽ 44 ജവാന്മാരാണ് കൊല്ലപ്പെട്ടത്.

അതേസമയം, ജമ്മുകശ്മീരിലെ ബന്ദിപുരയിൽ സുരക്ഷാ സേനയുമായും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഹാജിൻ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരുന്ന കെട്ടിടം സുരക്ഷാ സേന വളഞ്ഞിരുന്നു. തുടർന്ന് നടത്തിയ വെടിവയ്പ്പിലാണ് രണ്ടു പേരെ വധിച്ചത്. ഷോപിയാനിലും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇമാം ഷാഹിബ് മേഖലയിലെ ജനവാസ പ്രദേശത്തുള്ള കെട്ടിടത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ തെരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ മൂന്നു തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായാണ് വിവരം.