സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി രാജശേഖരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സിനിമ സംവിധായകൻ കെ.ജി രാജശേഖരൻ (72) അന്തരിച്ചു.  ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരക്കഥാകൃത്തും, സംവിധായകനായും സിനിമയിൽ തിളങ്ങിയ കെ.ജി രാജശേഖരൻ മുപ്പതോളം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

തിരയും തീരവും, പാഞ്ചജന്യം. പത്മതീര്‍ത്ഥം, വെല്ലുവിളി, ഇന്ദ്രധനുസ്, മാറ്റുവിൻ ചട്ടങ്ങളെ, ചമ്പൽക്കാട് തുടങ്ങിയ സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. 1978 ല്‍ പുറത്തിറങ്ങിയ പത്മതീര്‍ത്ഥം ആണ് രാജശേഖരൻ്റെ ആദ്യ സിനിമ. അഞ്ചോളം സിനിമകള്‍ക്ക് കഥയും ഒരു സിനിമയ്ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സഹസംവിധായകനായാണ് കെ.ജി രാജശേഖരന്‍ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. 1968-ലാണ് മിടുമിടുക്കി എന്ന ചിത്രത്തിലൂടെയാണ് സഹസംവിധായകനായത്. 1992 ല്‍ പുറത്തിറങ്ങിയ സിംഹധ്വനി എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. 1947-ൽ വര്‍ക്കല ഇടവ കുരുനിലക്കോട് ആയിരുന്നു ജനനം. ഭാര്യ അമ്പിളി രാജശേരൻ(ഗായിക). ശവസംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും.