പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ ചൊല്ലി തർക്കങ്ങളില്ല; പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും: കുമ്മനം

തിരുവനന്തപുരം: പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിർണയം സംബന്ധിച്ച് ബി.ജെ.പിക്കുള്ളിൽ ഭിന്നതയില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഏതെങ്കിലും ഒരു സമുദായത്തെ തഴഞ്ഞുവെന്ന് ആര്‍ക്കും പരാതിയില്ലെന്നും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു.

സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയായി. പാർട്ടി തീരുമാനങ്ങളിൽ ആർക്കും ആശങ്കയില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നോ നാളെയോ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഒറ്റ ഘട്ടമായി ഒരു രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാറില്ലെന്നും കുമ്മനം വ്യക്തമാക്കി.

അതേസമയം പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മുരളീധര പക്ഷം രംഗത്തുവന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് പരാതിയായി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടില്ല. പട്ടികയില്‍ നിന്ന് നായര്‍ സമുദായത്തെ തഴഞ്ഞെന്നും ബിജെപിയിൽ ഒരു വിഭാഗം പരാതി ഉന്നയിക്കുന്നുണ്ട്. പത്തനംതിട്ട സീറ്റ് നായര്‍ സമുദായത്തിന് വേണമെന്നും ഇവരുടെ ആവശ്യം.