ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക അൽപസമയത്തിനകം പ്രഖ്യാപിക്കും

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. രാത്രി ഏഴ് മണിക്കാണ് പ്രഖ്യാപനം. കേന്ദ്രമന്ത്രി ജെ.പി നദ്ദയുടെ വാർത്താസമ്മേളനത്തിലാകും പ്രഖ്യാപനമുണ്ടാകുക. കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കും.

ഇന്നലെ രാത്രി ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയിരുന്നില്ല. ചൊവ്വാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.രാത്രി ഒരു മണി വരെ യോഗം തുടർന്നതിനാൽ അന്ന് പ്രസിദ്ധീകരിക്കാനായില്ല.ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചർച്ചകൾ കൂടി പൂർത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. ഇടത് – വലത് മുന്നണികൾ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് പ്രചാരണരംഗത്ത് പാർട്ടിയെ പിന്നോട്ടടിച്ചതായി ആക്ഷേപം ഉയർന്നിരുന്നു.

രണ്ടാഴ്ചത്തെ ചർച്ചകൾക്ക് ശേഷമാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ പരിഗണിക്കുന്നുണ്ട്. അൽഫോൻസ് കണ്ണന്താനം എറണാകുളത്തും  ശോഭസുരേന്ദ്രൻ ആറ്റിങ്ങലിലും സ്ഥാനാർത്ഥികളായേക്കും. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല.