ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കെതിരെ പോക്സോ കുറ്റം ചുമത്തി

കൊല്ലം: ഓച്ചിറയിൽ 13 കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ എല്ലാ പ്രതികൾക്കെതിരെയും പോലീസ് പോക്സോ കുറ്റം ചുമത്തി. ഇത് വരെ മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. മുഖ്യപ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ കണ്ടെത്തുന്നതിനായി കേരളാ പോലീസ് ബാംഗ്ലൂർ പോലീസിന്‍റെ സഹായം തേടി.

പെണകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു, പ്യാരിലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരിലാലിനെതിരെ പോലീസ് കാപ്പ ചുമത്തും. വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്ന കേസിലും മറ്റൊരു പോക്‌സോ കേസിലും പ്യാരിലാല്‍ പ്രതിയാണ്.

തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും രാജസ്ഥാൻ സ്വദേശികളായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി 13 കാരിയായ മകളെ തട്ടിക്കൊണ്ടുപോയത്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ച അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷമാണ് റോഷനും സംഘവും പെൺകുട്ടിയുമായി കടന്നുകളഞ്ഞത്.

സംഭവത്തെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും ആദ്യം കേസെടുക്കാൻ പോലീസ് തയ്യാറായില്ല. പിന്നീട് നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധമുയർന്നതോടെയാണ് പോലീസ്  കേസെടുത്തത്. അതേസമയം, പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.