ഡിജിപി ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്; ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കും

തൃശ്ശൂർ: സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാൻ ഒരുങ്ങി സസ്പെൻഷനിൽ കഴിയുന്ന ഡിജിപിയും കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ്.  ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർഥിയായി ലോക്സഭാ സീറ്റിലേക്ക് ത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജേക്കബ് തോമസ്. സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതിനാൽ ഐ.പി.എസ് സ്ഥാനം രാജിവച്ചാകും ജേക്കബ് തോമസ് കളത്തിലിറങ്ങുക.

എൽ.ഡി.എഫ് സ്ഥാനാർഥിയ ഇന്നസെന്‍റിനെതിരെയും യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനെതിരെയും കടുത്ത വെല്ലുവിളി ഉയർത്തിയാണ് ജേക്കബ് തോമസ് മത്സരിക്കാനൊരുങ്ങുന്നത്. കേരള ചരിത്രത്തിലിതാദ്യമായാണ് സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, അതും ഡിജിപി റാങ്കിലുള്ളയാൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നത്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. ഐപിഎസ് ജോലി രാജിവച്ചാണിപ്പോൾ ജേക്കബ് തോമസ് സജീവരാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

കിഴക്കമ്പലം പഞ്ചായത്തിൽ നല്ല സ്വാധീനമുള്ള ട്വന്‍റി 20 മുന്നണി പ്രാദേശികതെരഞ്ഞെടുപ്പിൽ നിരവധി സീറ്റുകൾ പിടിച്ചിരുന്നു.അതിനാൽ തന്നെ ചാലക്കുടിയിൽ ഇന്നസെന്‍റിനെതിരെ ശക്തമായ എതിരാളി തന്നെയായിരിക്കും ജേക്കബ് തോമസ് എന്നാണ് വിലയിരുത്തൽ.