ചെറുപ്പുളശ്ശേരി പീഡനം: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പാലക്കാട്: ചെറുപ്പളശ്ശേരിയില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ച് പീഡനത്തിനിരയായെന്ന് പരാതി നല്‍കിയ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരെ ചെറുപ്പളശ്ശേരി പൊലീസ് കേസെടുത്തത്. അതേസമയം, യുവതി ഉപേക്ഷിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച മണ്ണൂര്‍ നഗരിപ്പുറത്താണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ യുവതി പീഡനവിവരം പുറത്തുപറയുകയായിരുന്നു. ചെറുപ്പളശ്ശേരിയിലെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ചാണ് പീഡനം നടന്നതെന്നും പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണ് പീഡിപ്പിച്ചതെന്നും കാട്ടി യുവതി പരാതിയും നൽകി. മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. മങ്കര പോലീസിനായിരുന്നു യുവതി ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

അതേസമയം, ആരോപണവിധേയനായ യുവാവിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി അറിയിച്ചു. പീഡനപരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ആരോപണ വിധേയനായ യുവാവിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് കഴിഞ്ഞ വർഷം മാഗസിൻ തയ്യാറാക്കലിന്‍റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.