ന്യൂസീലൻ്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

തൃശ്ശൂർ: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ച‍ർച്ചിൽ മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ബന്ധുക്കൾ. ന്യൂസീലാൻ്റിൽ ആൻസിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഭർത്താവിന് വിട്ടുകൊടുത്തതായി ബന്ധുക്കൾ അറിയിച്ചു. എംബാം ചെയ്ത ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് കരുതുന്നതായി അൻസിയുടെ ചെറിയച്ഛൻ നൗഷാദ് പറഞ്ഞു. നോർക്ക അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇന്നോ നാളെയോ മൃതദേഹം എംബാം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും നൗഷാദ് പറഞ്ഞു.

ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിൽ വെടിവെയ്പ്പുണ്ടാകുമ്പോൾ ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലുണ്ടായിരുന്നു.  ബ്രെന്‍റണ്‍ ടാരന്‍റിൻ്റെ ആക്രമണത്തിൽ നിന്ന് അബ്ദുൽ നാസർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും ആൻസിക്ക് വെടിയേറ്റു.  ഗുരുതരമായി പരിക്കേറ്റ ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്നു ആൻസി. ആക്രമണത്തിൽ  ക്രൈസ്റ്റ് ചര്‍ച്ചിലെ തന്നെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് അബദുൽ നാസർ.  വെടിവെയ്പ്പിൽ ആൻസിയുൾപ്പെടെ അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്‍റെ  ഭാഗമായി ആൻസി അലി ബാവയുടെ മൃതദേഹം ന്യൂസീലാന്‍ഡിൽ സംസ്കരിക്കണമെന്ന്  ന്യൂസീലാന്‍ഡ് സർക്കാർ കുടുംബത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ സർക്കാരിൻ്റെ അഭ്യർത്ഥന നിരസിച്ച കുടുംബം ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു.