സംസ്ഥാനത്ത് കോൺഗ്രസ് – ബി.ജെ.പി ധാരണയെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫിനെ സഹായിക്കാൻ ആർഎസ്എസ് ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടകര, എറണാകുളം തുടങ്ങിയ അഞ്ച് മണ്ഡലങ്ങളിൽ ദുർബലരെ നിർത്താനാണ് എൻഡിഎയുടെ നീക്കം. അതിന്  പ്രത്യുപകാരമായി തിരുവനന്തപുരത്ത് ബിജെപിയെ യുഡിഎഫ് സഹായിക്കും. അതിനുവേണ്ടിയാണ് കെ. മുരളീധരനെ തിരുവനന്തപുരത്തുനിന്ന് വടകരയിലേക്ക് മാറ്റിയതെന്നും കോടിയേരി ആരോപണമുന്നയിച്ചു

തെരഞ്ഞെടുപ്പുകളിൽ ഒൻപതിൽ അഞ്ചുതവണയും കെ. മുരളീധരൻ പരാജയപ്പെട്ടിട്ടുണ്ട്. മന്ത്രിയായിരിക്കെ തോറ്റ മുരളീധരനെ എൽഡിഎഫിന് പേടിക്കേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പിൽ ഇടത് തരംഗം ഉണ്ടാകുമെന്ന്  ഉറപ്പായതോടെയാണ് ആർ.എസ്.എസും കോൺഗ്രസും ഒത്തുകളിക്കുന്നത്. എറണാകുളത്ത് ടോം വടക്കനെയും വടകരയിൽ സജീവനെയും ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനെയും നിർത്തുന്നതും ഇതിൻ്റെ ഉദാഹരണമാണെന്നും കോടിയേരി പറഞ്ഞു.

എസ്‍ഡിപിഐയുമായി ചർച്ച നടത്താൻ ലീഗിനെ ഏൽപിച്ചത് കോൺഗ്രസ് തന്നെയാണ്. എസ്‍ഡിപിഐ വോട്ടുകൾ മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോട്ടും ഉറപ്പാക്കാൻ വേണ്ടിയാണ് കോൺഗ്രസ് എസ്.ഡി.പി.ഐയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നത്. ഇങ്ങനെ കേരളത്തിൽ ആർഎസ്എസ് – ബിജെപി – യുഡിഎഫ് – എസ്‍ഡിപിഐ കൂട്ടുകെട്ടാണെന്നും കോടിയേരി ആരോപിച്ചു.

വടകരയില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തിന് സാധ്യതയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആരോപിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.