എൻ.ഡി.എയിൽ സീറ്റ് ധാരണയായി; പതിനാലിടത്ത് ബിജെപി; ബിഡിജെഎസിന് അഞ്ച് സീറ്റ്; കേരളാ കോൺഗ്രസ് കോട്ടയത്ത് മത്സരിക്കും

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ എൻ.ഡി.എയിൽ സീറ്റ് ധാരണയായി. 14 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കും. ബിഡിജെഎസ് അഞ്ച് സീറ്റുകളിലും ബാക്കിയുള്ള ഒരു സീറ്റിൽ കേരളാ കോൺഗ്രസും മത്സരിക്കും. കാസർകോട്, കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, കോഴിക്കോട്, പാലക്കാട്, എറണാകുളം, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട, ആറ്റിങ്ങൽ, കൊല്ലം, തിരുവനന്തപുരം സീറ്റുകളിൽ ബിജെപി മത്സരിക്കും. തൃശ്ശൂർ, ഇടുക്കി, വയനാട്, ആലത്തൂർ, മാവേലിക്കര എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് പോരിനിറങ്ങുന്നത്. കോട്ടയത്ത് പിസി തോമസ് വിഭാഗമാകും മത്സരിക്കുക. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.  ബിഡിജെഎസിൽ ആരെല്ലാം മത്സരിക്കണമെന്നുള്ളത് കമ്മിറ്റി കൂടി തീരുമാനിക്കുമെന്ന് തുഷാർ വെള്ളാപ്പിള്ളി അറിയിച്ചു.മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. മത്സരിക്കുകയാണെങ്കിൽ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കുമ്മനം രാജശേഖരൻ മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്നും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. എന്നാൽ ഇന്ന് തന്നെ പട്ടിക വരുമോ എന്ന ചോദ്യത്തിന് പി കെ കൃഷ്ണദാസ് വ്യക്തമായ മറുപടി നൽകിയില്ല.