ഇരുപത് എം.എൽ.എമാരുടെ പിന്തുണ; ഗോവയിൽ സാവന്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

പനാജി:  ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി സർക്കാർ. 39ൽ 20 എംഎൽഎമാരുടെ പിന്തുണയോടെയാണ് പ്രമോദ് സാവന്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. 14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് മനോഹര്‍ പരീക്കർ അന്തരിച്ചത്. പരീക്കറുടെ മരണത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രമോദ് സാവന്തും 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭയിൽ ബിജെപിക്ക് 19 വോട്ടുകൾ അനിവാര്യമായിരുന്നു. നീണ്ട നാടകീയതകൾക്കൊടുവിലായിരുന്നു 12 അംഗമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സാവന്ത് സർക്കാർ രൂപീകരിച്ചത്.

സഭയില്‍ 14 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്കും എംജിപിക്കും മൂന്ന് അംഗങ്ങൾ വീതമുണ്ട്. ഇരു പാർട്ടികൾക്ക് പുറമേ രണ്ട് സ്വതന്ത്രർ കൂടി പിന്തുണച്ചതോടെ ബി.ജെ.പി വിശ്വാസ വോട്ട് നേടുകയായിരുന്നു.