ആർ.എസ്.എസ് ഇടപെട്ടു; പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ; പി.എസ് ശ്രീധരൻപിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മത്സരിക്കേണ്ടെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. പത്തനംതിട്ട മണ്ഡലത്തിൽ കെ സുരേന്ദ്രൻ സ്ഥാനാർത്ഥായാകാനും സാധ്യതയുണ്ട്. സുരേന്ദ്രനുവേണ്ടി ആർഎസ്എസ് ഇടപെട്ടെന്നാണ് സൂചന. ആർഎസ്എസിന്‍റെ നിർദ്ദേശപ്രകാരം അമിത്ഷാ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

പാർട്ടിക്കുള്ളിൽ ഏറ്റവുമധികം തർക്കം തർക്കം നിലനിന്ന സീറ്റാണ് പത്തനംതിട്ടയിലേത്. പി എസ് ശ്രീധരൻ പിള്ളയ്ക്ക് വേണ്ടി ഒരു വിഭാഗവും കെ സുരേന്ദ്രന് വേണ്ടി മറ്റൊരു വിഭാഗവും സീറ്റാവശ്യപ്പെട്ടു . ഇതിനിടെ പത്തനംതിട്ട സീറ്റിനുവേണ്ടി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും അവകാശവാദമുന്നയിച്ചു. പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ പ്രഥമ പരിഗണന ശ്രീധരൻ പിള്ളയ്ക്കായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരൻ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് അയച്ചിരുന്നെതെങ്കിലും സുരേന്ദ്രന് വേണ്ടി ആര്‍എസ്എസ് ഇടപെടൽ നടത്തിയതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. അതോടെ ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം തീരുമാനമെടുക്കുകയും ചെയ്തു.

അതേസമയം ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനെ കളത്തിലിറക്കാനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം. പാലക്കാട് സീറ്റിനുവേണ്ടി ശോഭാ സുരേന്ദ്രൻ തുടർച്ചയായി ആവശ്യം ഉന്നയിച്ചിരുന്നു.  നേരത്തേ നിശ്ചയിച്ചതുപോലെ പി കെ കൃഷ്ണദാസും എം ടി രമേശും ഇത്തവണ പോരാട്ടത്തിനിറങ്ങില്ല. എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ആലപ്പുഴയില്‍ കെ.എസ് രാധാകൃഷ്ണനും മത്സരിച്ചേക്കും.

രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം ബി.ജെ.പിയുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. മറ്റു ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാൻ  ഇന്നും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇത് പൂർത്തിയായ ശേഷം അതിനോടൊപ്പം കേരളത്തിലെ പട്ടികയും ഒരുമിച്ച് പ്രഖ്യാപിക്കാനാണ് തീരുമാനം.