വടകരയിലേത് അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാല്‍ വടകരയില്‍ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന് കെ മുരളീധരന്‍ എം.എൽ.എ. സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നോട് ചോദിച്ചുവെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരത്തിന് തയ്യാറാണെന്ന് അവരെ അറിയിക്കുകയും ചെയ്തുവെന്നും മുരളീധരന്‍ പറഞ്ഞു.

വടകരയിൽ എതിരാളി ആരാണെങ്കിലും പ്രശ്നമല്ല. ആശയങ്ങൾ തമ്മിലാണ് മത്സരം. വടകരയിലേത് ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ്. താന്‍ ജനാധിപത്യത്തിനൊപ്പം നിലകൊള്ളുമ്പോൾ ഇടതുമുന്നണി അക്രമരാഷ്ട്രീയത്തിന് ഒപ്പമാണ്. ജനാധിപത്യ മതേതര സംവിധാനത്തിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്.  എന്നാൽ ഇടതുപക്ഷം ആ രീതിയിലല്ല ജനാധിപത്യത്തെ കാണുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. അക്രമരാഷ്ട്രീയത്തിനെതിരെ പോരാടാനും മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ പത്തുവര്‍ഷം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ തുടരാനും തയ്യാറാണോ എന്നാണ് പാര്‍ട്ടി ചോദിച്ചത്. പോരാടാന്‍ തയ്യാറാണെന്ന് മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വടകരയിൽ സ്ഥാനാർത്ഥി നിർണയം വൈകിയത് വിജയ പരാജയങ്ങളെ ബാധിക്കില്ലെന്നും യുഡിഎഫിന് അനയായസ വിജയമുണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാന്‍റ്  അംഗീകരിച്ച ശേഷം ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.