ഒടുവിൽ തീരുമാനം; വടകരയിൽ കെ മുരളീധരൻ; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വടകര ലോക്സഭാ സീറ്റിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. വയനാട് സീറ്റിൽ ടി.സിദ്ദീഖും മത്സരിക്കും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മുരളീധരനുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. മത്സരിക്കാൻ തയ്യാറാണെന്ന് മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നിലവിൽ വട്ടിയൂർക്കാവ് എം.എൽ.എയാണ് കെ.മുരളീധരൻ. ഇതോടെ യുഡിഎഫിൽ നിന്ന് മൂന്ന് സിറ്റിംഗ് എം.എൽ.എമാരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതേസമയം വടകരയിൽ മുരളീധരന് അനായാസ വിജയമുണ്ടാകുമെന്നും കോൺഗ്രസിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് അദ്ദേഹമെന്നും കെ.പി.സി.സി പ്രസിഡൻ്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വടകര സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി നിർണയം കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് വിട്ടിരുന്നു. വടകര തര്‍ക്കത്തില്‍ ഇടപെട്ട് ലീഗും മുതിര്‍ന്ന നേതാക്കളും രംഗത്ത്‌ എത്തിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. അതിനിടെ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ മല്‍സരിക്കാനില്ലെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു. കെ പ്രവീണ്‍ വടകരയിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി മുരളീധരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. ഹൈക്കമാന്‍റിന്‍റെ അനുമതിക്ക് ശേഷമായിരിക്കും കെ. മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക.