ടോം വടക്കനും ശ്രീധരൻ പിള്ളയുമായി ദില്ലിയിൽ കൂടിക്കാഴ്ച

ദില്ലി: ടോം വടക്കൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകൾ ദില്ലിയിൽ നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.  പാര്‍ട്ടി പറഞ്ഞാൽ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പില്ലെന്നാണ് ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ടോം വടക്ക ന്‍റെ നിലപാട്.

കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കൻ വരുമെന്ന വാര്‍ത്തകൾക്കിടെയാണ് പിഎസ് ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാഴ്ച. ഒരു ഉപാധിയും ഇല്ലെതായാണ് ബിജെപിയിലേക്ക് വന്നതെന്നും സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ടോം വടക്കൻ കൂടിക്കാഴ്ചയിൽ പറഞ്ഞു.

 

നേരത്തെ പിഎസ് ശ്രീധരൻ പിള്ള കേരളത്തിൽ നിന്ന് നൽകിയ സ്ഥാനാര്‍ത്ഥി പട്ടികയിൽ ടോം വടക്കന്‍റെ പേരില്ലെന്ന് അറിയിച്ചിരുന്നു. ടോം വടക്കൻ കോൺഗ്രസിലായിരുന്നപ്പോഴാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. അതിന് ശേഷമാണ് ദേശീയ നേതൃത്വം ഇടപെട്ട് ടോം വടക്കൻ ബിജെപി അംഗത്വമെടുത്തത്.

നേതാക്കളെല്ലാം ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോയതിനാൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളൊന്നും പകൽ നടക്കാനിടയില്ല. നിലവിലെ പട്ടികയിലും വലിയ മാറ്റങ്ങൾ വരുത്താനിടയില്ലെന്നാണ് സുചന.