വയനാട് സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍റ് തീരുമാനിക്കും

ദില്ലി: വയനാട് സീറ്റിൽ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍റ് തീരുമാനിക്കാൻ ധാരണ. തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാൻഡിനു വിട്ടത്. ഉമ്മൻചാണ്ടി ടി സിദ്ദിക്ക് തന്നെ വയനാട് മത്സരിക്കണമെന്ന വാശിയിലാണ്. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഐ ഗ്രൂപ്പ് പലപേരുകളും മുന്നിൽ വച്ചെങ്കിലും ഉമ്മൻചാണ്ടി വഴങ്ങിയില്ല. ടി സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെങ്കിൽ അത് വടകരയിലും പരിഗണിക്കാവുന്നതാണെന്ന ബദൽ നിര്‍ദ്ദേശവും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തർക്ക പരിഹാരം എന്ന നിലയിൽ പ്രശ്നം ഹൈക്കമാന്‍റിന് വിടാൻ ധാരണയായത്.

ഐ ഗ്രൂപ്പ് കെപി അബ്ദുൾ മജീദിന്‍റെ പേരും ഉമ്മൻചാണ്ടി ടി സിദ്ദിക്കിന്‍റെ പേരുമാണ് ഹൈക്കമാന്‍റിന് മുന്നിൽ വച്ചിരിക്കുന്നത്. വിവി പ്രകാശിനെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി എന്ന നിലയിൽ പരിഗണിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്ന വടകരയിൽ പ്രവീൺകുമാറിനെയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും സജീവമായി പരിഗമിക്കുന്നുണ്ട്.

ഗ്രൂപ്പ് തര്‍ക്കവും നേതാക്കൾ തമ്മിലുള്ള പിടിവാശിയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് കോൺഗ്രസ് യുഡിഎഫ് ക്യാമ്പുകൾ അത്യപ്തിയിലാണ്. ഇനിയുള്ള മൂന്ന് സീറ്റിൽ ഇന്നെങ്കിലും സ്ഥാനാര്‍ത്ഥികളാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.