ഇനി ‘ചൗക്കിദാർ നരേന്ദ്രമോദി’; ട്വിറ്ററിൽ പേരുമാറ്റി പ്രധാനമന്ത്രി; പിന്നാലെ നേതാക്കളും

ഡല്‍ഹി: മേം ഭീ ചൗക്കിദാർ (ഞാനും കാവൽക്കാരൻ) എന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചതിന് പിന്നാലെ ട്വിറ്ററിൽ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി എന്നതിൽ നിന്ന് ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നു മാറ്റുകയായിരുന്നു. പേര് മാറ്റിയതിന് പിന്നാലെ പ്രധാനമന്ത്രിക്ക് പിന്തുണയറിയിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ജെ.പി. നഡ്ഡ എന്നിവരും ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനുമുന്നിൽ ചൗക്കിദാർ പ്രയോഗം ചേർത്തുവച്ചു. രാഹുൽ ഗാന്ധിയുടെ ‘ചൗകീദാർ ചോർ ഹേ’ മുദ്രാവാക്യത്തിന് മറുപടിയുമായി ബിജെപി ‘ഹം ഭീ ചൗകീദാർ’ ഹാഷ്‍ടാഗ് പ്രചാരണം തുടങ്ങിയതിന് പിറ്റേന്നാണ് മോദിയുടെ പേര് മാറ്റം.


രാജ്യത്തിന്റെ കാവൽക്കാരെന്ന നിലയ്ക്ക് കറൻസി രഹിത ഇടപാടുകളിലൂടെ സുതാര്യമായ സമ്പദ്‍വ്യവസ്ഥ ഉണ്ടാക്കാൻ എല്ലാവരും പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു. ദശാബ്ദങ്ങളായി നമ്മളെ ബാധിച്ചിരുന്ന കള്ളപ്പണത്തെയും അഴിമതിയെയും ഇല്ലാതാക്കേണ്ട സമയമാണിതെന്നും ഗോയൽ ട്വിറ്ററിൽ കുറിച്ചു.

സമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചു നീക്കാൻ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്. നിങ്ങളുടെ കാവൽക്കാരനായ ഞാൻ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു. ഞാന് ഒറ്റയ്ക്കല്ലെന്നും ഇന്ന് ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നുവെന്നും ബിജെപി സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോടൊപ്പം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.