കെ വി തോമസിനെ നോട്ടമിട്ട് ബിജെപി; അനുനയ ശ്രമങ്ങളുമായി യുഡിഎഫ്

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പരസ്യമായി പ്രതിഷേധമറിയിച്ച കെ വി തോമസ് എംപിയെ  ബിജെപി പാളയത്തിലെത്തിക്കാൻ നീക്കം. കെവി തോമസിനെ ബിജെപിയിലെത്തിക്കാൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കൻ്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായാണ് സൂചന. തോമസ് പാർട്ടി വിടാൻ തയ്യാറായാൽ  എറണാകുളത്ത് യുഡിഎഫിനെതിരെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ഇത് സംബന്ധിച്ച് ബി.ജെ.പിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.

കെവി തോമസിൻ്റെ നിലപാടറിയുന്നതിനായി ബിജെപി കേന്ദ്രനേതൃത്വം അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. എന്നാൽ കെ വി തോമസ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. സ്ഥാനാർത്ഥി പട്ടികയിൽ നിന്നൊഴിവാക്കിയതിൽ പരസ്യമായി കെവി തോമസ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടങ്ങുന്ന ബിജെപി കേന്ദ്രനേതാക്കൾ തോമസിനെ ഫോണിൽ വിളിച്ചത്.

കെ വി തോമസ് ബിജെപിയിലേക്ക് വന്നാൽ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.കെ വി തോമസ് സമുന്നതനായ നേതാവാണ്. എറണാകുളം സീറ്റ്‌ കെ വി തോമസിന് വാഗ്ദാനം ചെയ്യുമോ എന്നത് ചർച്ച ചെയ്യേണ്ടതാണ്. കെ വി തോമസ് വന്നാല്‍ ബിജെപിക്കത് ഗുണം ചെയ്യും. കോൺഗ്രസ്‌ പാർട്ടി തകർന്നു അടിയുന്ന അവസ്ഥയാണിപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ടോം വടക്കന് പിന്നാലെ കെ വി തോമസിനെക്കൂടി ബിജെപിയിലെത്തിക്കാൻ സാധിച്ചാൽ അത് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

അതേസമയം എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ വി തോമസിൻ്റെ ഡൽഹിയിലെ വസതിയിൽ നേരിട്ടെത്തി ചർച്ച നടത്തി. കെ വി തോമസിനെ പാർട്ടിയിൽ പിടിച്ച് നിർത്താൻ ഹൈക്കമാന്‍ഡും നീക്കം തുടരുകയാണ്.

ഇതിന് മുമ്പും കെ.വി. തോമസ് ബി.ജെ.പി.യിലേക്ക് പോകുമെന്ന പ്രചാരണമുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പുകഴ്ത്തി എന്നതായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ പ്രസംഗത്തിന്റെ സാഹചര്യങ്ങൾ പാർട്ടിനേതൃത്വത്തിന് വിശദീകരിച്ച് അന്ന് വിവാദങ്ങളിൽ നിന്ന് കെ.വി. തോമസ് ഒഴിഞ്ഞുമാറിയിരുന്നു.