ന്യൂസിലാൻഡ് ഭീകരാക്രമണം : കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിൽ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാർഷിക സർവ്വകലാശാലയിലെ എം.ടെക്ക് വിദ്യാർത്ഥിനിയായിരുന്നു ആൻസി. കഴിഞ്ഞ വർഷമാണ് യുവതി  ന്യൂസിലാൻഡിൽ എത്തിയത്.

വെടിവെയ്പ്പിനിടെ ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയും കാണാനില്ലെന്നാണ് നേരത്തേ  ന്യൂസീലൻഡ് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്‍ലി ട്വീറ്റ് ചെയ്തത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടുവെന്നും ഇന്ന് രാവിലെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇഖ്ബാൽ ജഹാംഗീറിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്.