മുതിർന്ന നേതാക്കൾ മത്സരിക്കില്ല; കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ട് 6.30ന്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ എന്നിവർ മത്സരിക്കില്ല. ഉമ്മൻചാണ്ടിക്ക് പാർട്ടി ഉത്തരവാദിത്തങ്ങളുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥികളിൽ സിറ്റിംഗ് എംപിമാരുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് 6.30ന് ഉണ്ടാകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.സി വേണുഗോപാലിന് മറ്റു സംസ്ഥാനങ്ങളിലെ സംഘടനാച്ചുമതലയുണ്ടെന്നും പട്ടികയിൽ മിടുക്കരായ സ്ഥാനാർത്ഥികളുടെ പേരുകളുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

തെര‌ഞ്ഞെടപ്പ് സമിതി ചേരുന്നതിന് തൊട്ട് മുൻപാണ് മുതിർന്ന നേതാക്കൾ മത്സരിക്കില്ലെന്ന വിവരം ചെന്നിത്തലയും മുല്ലപ്പള്ളിയും മാധ്യമങ്ങളെ അറിയിച്ചത്. തുടക്കം മുതൽ മത്സരിക്കാനില്ലെന്ന നിലപാടാണ് ഉമ്മൻചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കൾ സ്വീകരിച്ചത്.