ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകൾ

കോട്ടയം : ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ പീഡനക്കേസിൽ ഉടന് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിഷേധവുമായി വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്. ഇക്കാര്യം ആവശ്യപ്പെട്ട് കന്യാസ്ത്രീകള് കോട്ടയം എസ് പി ഹരിശങ്കറെ കണ്ടു. കേസിലെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് എസ് പി ഉറപ്പ് നൽകിയതായും കന്യാസ്ത്രീകൾ പറഞ്ഞു.

ഫ്രാങ്കോ മുളയക്കലിനെതിരായ കുറ്റപത്രം ഇനിയും വൈകിയാൽ തങ്ങൾ വീണ്ടും തെരുവിലേക്കിറങ്ങുമെന്നും അതിനുള്ള സാഹചര്യമുണ്ടാക്കരുതെന്നും സിസ്റ്റർ അനുപമ പറഞ്ഞു. കേസിലെ സാക്ഷികൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. ഇതിന്  പിന്നിൽ ബിഷപ്പ് ഫ്രാങ്കോയുടെ രാഷ്ട്രീയ സ്വാധീനമാണ്. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും സർക്കാർ വൈകി. കേസിൽ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കുറ്റപത്രം സമർപ്പിച്ചേക്കില്ലെന്ന് തോന്നിയതിനാലാണ് എസ്പിയെ കാണാൻ എത്തിയതെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി. കേസിലെ സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളാണ് കോട്ടയം എസ്പിയെ നേരിൽ കണ്ട് കുറ്റപത്രം വൈകുന്നതിൽ അതൃപ്തി അറിയിച്ചത്.