നമ്പി നാരായണനും കെ.കെ മുഹമ്മദും പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി

ഡൽഹി: ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനും പുരാവസ്തു ഗവേഷകനായ കെ കെ മുഹമ്മദും പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. നമ്പി നാരായണന് പത്മഭൂഷൺ പുരസ്കാരവും കെ.കെ മുഹമ്മദിന്  പത്മശ്രീയും സമ്മാനിച്ചു.

നാടൻ പാട്ടുകാരി തേജൻ ബായ്ക്ക് പത്മവിഭൂഷണും ഭക്ഷ്യ സംസ്കരണ കമ്പനിയായ എം.ഡി.എച്ചിന്‍റെ ഉടമ മഹാഷായ് ദരംപാൽ ഗുലാത്തി, പര്‍വ്വതാരോഹക ബചേന്ദ്രി പാൽ എന്നിവർക്ക് പത്മഭൂഷണും സമ്മാനിച്ചു.  ഫുട്ബോൾ താരം സുനിൽ ഛേത്രി, അമ്പെയ്ത് താരം ബൊംബയ് ല ദേവി ലെയ്ഷ്രം, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, നടൻ മനോജ് ബാജ്പേയ്, തബല വിദ്വാൻ സ്വപൻ ചൗധരി, പൊതുപ്രവർത്തകൻ എച്ച്.എസ് ഫൂഡ, ബാസ്കറ്റ് ബാൾ താരം പ്രശാന്തി സിങ്, തേയില വ്യാപാരി ഡി. പ്രകാശ് റാവു എന്നിവർ പത്മശ്രീയും ഏറ്റുവാങ്ങി. പത്മ പുരസ്കാരങ്ങളുടെ രണ്ടാം ഘട്ട വിതരണമാണ് ഇന്ന് നടന്നത്.

112 പേർക്കാണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. ഈ മാസം പതിനൊന്നിനായിരുന്നു ആദ്യ ഘട്ട പുരസ്കാര വിതരണം നടന്നത്. ഒരു പത്മ വിഭൂഷണും, എട്ട് പത്മഭൂഷണും 46 പത്മശ്രീ പുരസ്കാരങ്ങളുമാണ് ആദ്യഘട്ടത്തിൽ രാഷ്ട്രപതി വിതരണം ചെയ്തത്. അന്ന് മലയാളനടൻ മോഹൻലാലും പത്മഭൂഷൺ ഏറ്റുവാങ്ങിയിരുന്നു. മോഹൻലാലിന് പുറമേ മലയാളി സംഗീത‍ജ്ഞനായ കെ ജി ജയനും രാഷട്രപതി പത്മപുരസ്കാരം സമ്മാനിച്ചിരുന്നു.