കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തർക്കം രൂക്ഷം; സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് (ഐ) ഗ്രൂപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ എട്ടുസീറ്റില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലെത്തി നിൽക്കുമേപോഴും എ-ഐ ഗ്രൂപ്പുകളിലെ തർക്കമാണ് അന്തിമ തീരുമാനം വൈകിക്കുന്നത്.  വയനാട്, വടകര, ഇടുക്കി, ആലപ്പുഴ, കാസര്‍കോട് എന്നീ സീറ്റുകളില്‍ ഇത് വരെയും  സ്ഥാനാര്‍ഥി നിർണയം പൂർത്തിയാക്കാനായിട്ടില്ല. തങ്ങളുടെ സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. എന്നാല്‍ എ ഗ്രൂപ്പ് ടി സിദ്ദിഖിനായി ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇവിടെ ഷാനിമോള്‍ ഉസ്മാന്‍ അല്ലെങ്കില്‍ കെപിസിസി സെക്രട്ടറി കെ.പി അബ്ദുള്‍ മജീദിന്റെ പേരാണ് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. അതേസമയം എറണാകുളം സീറ്റിൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് ഹൈക്കമാന്‍ഡാകും തീരുമാനമെടുക്കുക.

സ്ഥാനാർത്ഥി നിർണയത്തിനായി ഇന്നലെ ഡൽഹിയിൽ സ്ക്രീനിങ് കമ്മറ്റി ചേർന്നിരുന്നെങ്കിലും പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ കണ്ടെത്താനായില്ല. ഗ്രൂപ്പ് തർക്കം മുറുകുന്നതാണ് മുന്നണിയെ അന്തിമ തീരുമാനമെടുക്കാൻ വൈകിപ്പിക്കുന്നത്. സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടർന്നതോടെ ഇന്നലെ രാത്രി വൈകിയും ഡൽഹിയിൽ ചർച്ചകൾ നടത്തിയിരുന്നു.

തൃശൂരിൽ ടി.എൻ.പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ.ശ്രീകണ്ഠനും സ്ഥാനാർഥികളാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തിരുവന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, കോഴിക്കോട് എം.കെ രാഘവൻ, കണ്ണൂര് കെ. സുധാകരൻ, കാസർഡോഡ് സുബ്ബയ്യറായ് എന്നിവരാണ് കളത്തിലിറങ്ങുന്നത്. അതേസമയം ചാലക്കുടി, വയനാട് സീറ്റുകളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. എറണാകുളത്ത് ഇരുഗ്രൂപ്പുകളും ഹൈബി ഈഡൻ്റെ പേര് നിർദേശിച്ചു.  ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഹൈക്കമാൻഡാകും അന്തിമ തീരുമാനമെടുക്കുക.