‘സ്ഥാനാർത്ഥി നിർണയം വൈകുന്ന സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നു’; അതൃപ്തി പ്രകടിപ്പിച്ച് വിഎം. സുധീരൻ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിനെ വിമർശിച്ച് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ. സ്ഥാനാർത്ഥിപ്പട്ടിക വൈകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന്  വി എം സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് അനുകൂലമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും സ്ഥാനാർത്ഥി നിർണയം നടത്തുന്നതിൽ ഇനിയും താമസമുണ്ടാകരുതെന്നും സുധീരൻ വ്യക്തമാക്കി.

കേരളാ കോൺഗ്രസി(എം)നുള്ളിലെ തർക്കത്തിലും സുധീരൻ അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടിക്കുള്ളിലെ പ്രശ്നം ഈ തരത്തിലേക്ക് രൂക്ഷമാകാതിരിക്കാൻ യുഡിഎഫ് നേതാക്കൾ ശ്രദ്ദിക്കേണ്ടിയിരുന്നു. അതേസമയം ലോക്സയിലേക്ക് മത്സരിക്കാനില്ലെന്ന് വിഎം സുധീരൻ ആവർത്തിച്ചു. തെരഞ്ഞെടുപ്പ് രംഗത്തേക്ക് കൂടുതൽ യുവാക്കൾ കടന്നുവരണമെന്നും സുധീരൻ പറഞ്ഞു.

അതേസമയം, കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. സിറ്റിങ് എം.പിമാരെല്ലാം തെരഞ്ഞെടുപ്പിൽ മല്‍സരിക്കണോ എന്ന് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും പി.ജെ. ജോസഫിനെ സ്ഥാനാർത്ഥിയാക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.