കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും: ചെന്നിത്തല

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിങ് എം.പിമാരെല്ലാം തെരഞ്ഞെടുപ്പിൽ മല്‍സരിക്കണോ എന്ന് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും. സ്ഥാനാർത്ഥി നിർണയത്തിൽ ആര്‍.എം.പിയുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല. പി.ജെ. ജോസഫിനെ സ്ഥാനാർത്ഥിയാക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പീഡനക്കേസ് എടുത്തതിനെതിരെ ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേസ് കുത്തിപ്പൊക്കിയത് രാഷ്ട്രീയപ്രേരിതമാണെന്ന് ചെന്നിത്തല പറഞ്ഞു. എം.എൽ.എമാർക്കെതിരെ അടിസ്ഥാനരഹിതമായ കുറ്റമാരോപിക്കുന്നതിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സ്ഥാനാർഥി പട്ടിക തയറാക്കാൻ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി അൽപ സമയത്തിനകം ഡൽഹിയിൽ തുടങ്ങും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എ.കെ ആൻറണിയുമായി ചർച്ച നടത്തുകയാണ്. മുഴുവൻ സീറ്റുകളിലെയും സ്ഥാനാർത്ഥി നിർണയവും ഇന്നത്തെ ചർച്ചയിൽ പൂർത്തിയാകുമെന്നാണ് സൂചന. അതേസമയം മുതിർന്ന നേതാക്കൾ മൽസരിക്കുന്നത് സംബന്ധിച്ച് നാളെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനമെടുക്കുക.