ന്യൂസിലാൻഡ് വെടിവെയ്പ്പ്; മരിച്ചവരുടെ എണ്ണം 40 ആയി

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിൽ രണ്ടുമുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. ആക്രമണത്തിൽ ഇരുപതിലധികം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഒരു സ്ത്രീയടക്കം നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെയ്പ്പെുണ്ടായതെന്നാണ് സൂചന.

വെടിവെയ്പ്പുണ്ടാകുമ്പോൾ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ വെടിവെയ്പ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ബംഗ്ലാദേശ് ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് മല്‍സരം റദ്ദാക്കി.

ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലും ലിൻവുഡ് മസ്ജിദിലുമാണ് ആക്രമണമുണ്ടായത്. ന്യൂസിലൻഡ് സമയം ഒരുമണിയോടെയാണ് തോക്കുധാരികളായ അക്രമികൾ പള്ളിയിലെത്തി വെടിയുതിർത്തത്. സംഭവം നടക്കുമ്പോൾ നൂറുലേറെ വിശ്വാസികൾ പള്ളിയിലൂണ്ടായിരുന്നു. ന്യൂസിലൻഡിലെ ഏറ്റവും വലിയ മുസ്ലി പള്ളികളിലാണ് ആക്രമണം. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണമെന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ദേന്‍ വിശേഷിപ്പിച്ചത്.

മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. ഇവർ ഓസ്‌ട്രേലിയന്‍ വംശജരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും  ഉണ്ടെന്നാണ് സൂചന. വെടിവെയ്പ്പിനെ തുടർന്ന് ക്രൈസ്റ്റ് ചര്‍ച്ചിലെ വിദ്യാലയങ്ങള്‍ അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.