ശ്രീശാന്തിന് ആശ്വാസം; ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ഡൽഹി: ഐപിഐൽ വാതുവെപ്പിനെ തുടർന്ന് തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിൻവലിച്ചു. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. അച്ചടക്കനടപടിയും  ക്രിമിനൽകേസും രണ്ടാണെന്നും ശിക്ഷാ കാലാവധി ബി.സി.സി.ഐ പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. മൂന്ന് മാസത്തിനകം ഇക്കാര്യത്തിൽ ബി.സി.സിഐ തീരുമാനമറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.ഒത്തുകളിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ.യും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ശ്രീശാന്തും ശക്തമായി വാദിച്ചിരുന്നു. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസഹ്റൂദ്ദീന് വിലക്കേർപ്പെടുത്തിയെങ്കിലും അതു പോലും നിശ്ചിത കാലത്തേക്കായിരുന്നുവെന്നും വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും തനിക്കിപ്പോൾ പങ്കെടുക്കാൻ പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയിൽ പറഞ്ഞിരുന്നു. ഐ.പി.എല്‍. ഐ.പി.എല്‍. ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐയുടെ വാദം.

ഐപിഎൽ വാതുവെപ്പ് കേസിൽ ദില്ലി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് നീക്കിയിരുന്നില്ല. വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. അതിനെത്തുടർന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.