സോളാർ: മൂന്ന് കോൺഗ്രസ് എം.എൽ.എ മാർക്കെതിരെ ലൈംഗീക പീഡനത്തിന് കേസ്

കൊച്ചി: സോളാര്‍ കേസില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ  ലൈംഗീക പീഡനത്തിന് ക്രൈംബ്രാഞ്ചി കേസെടുത്തു. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്ത് എഫ് ഐആര്‍ സമര്‍പ്പിച്ചത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്. അടൂര്‍ പ്രകാശിനും എ പി അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ പീഡനം എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു.ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച വിവരം നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് നടപടി കോടതി പരിശോധിച്ചു വരികയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ലിസ്റ്റിലുള്ള നേതാക്കൾക്കെതിരേയാണ് പീഡനക്കുറ്റം എന്നത് കോൺഗ്രസിന് തിരിച്ചടിയാകും. ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനാർഥിത്വം ഉറപ്പിച്ച നിലയിലാണ്. സ്ഥാനാർഥികൾക്കെതിരേയുള്ള കേസുകളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഉത്തരവും നേതാക്കൾക്ക് തിരിച്ചടിയുണ്ടാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദിവസങ്ങൾ ബാക്കി നിൽക്കേ നേതാക്കൾക്കെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.