പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീടുകൾ സന്ദർശിച്ച് രാഹുല്‍ഗാന്ധി

കാസർഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ആദ്യം കൃപേഷിന്റെ വീട്ടിത്തിയ രാഹുല്‍ ഗാന്ധി 15 മിനുറ്റ് നേരം അവിടെ ചെലവിട്ട ശേഷം ശരത്‌ലാലിന്റെ വീട്ടിലും സന്ദർശനം നടത്തി. കൃപേഷിൻ്റയും ശരത് ലാലിൻ്റെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാൻ എല്ലാ വിധ സഹായങ്ങളും കോണ്‍ഗ്രസിൻ്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും പ്രവർത്തകരുടെ കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഹൈബി ഈഡന്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവരും രാഹുലിനൊപ്പം പെരിയരിലെത്തിയിരുന്നു.
രാഹുല്‍ ഗാന്ധി എത്തുമെന്നറിഞ്ഞ് വലിയ ജനക്കൂട്ടമാണ് കൃപേഷിൻ്റെയും ശരത്ലാലിൻ്റെയും വീടിന് പരിസരത്ത് തടിച്ചു കൂടിയത്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെയാൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായും കൃപേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെൻ്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ഗാന്ധി കാസർഗോഡെത്തിയത്. സമ്പന്നരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്നും  അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.