‘ഇത് തുടക്കം മാത്രം’; ടോം വടക്കൻ്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി ശ്രീധരൻപിള്ള

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് ഇനിയും തുടരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. പാർട്ടി വിളിച്ചാൽ ബി.ജെ.പിയിലേക്ക് വരാൻ തയ്യാറായി നിരവധി ആളുകളുണ്ട്. ടോം വടക്കൻ ബി.ജെ.പിയിലേക്കെത്തുവെന്ന് താൻ നേരത്തേ അറിഞ്ഞിരുന്നതാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

അധപതനത്തിൻ്റെ അങ്ങേ അറ്റത്താണ് കോൺഗ്രസ് ഇപ്പോഴുള്ളതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധിയെടുത്തത് ശരിയായ നിലപാടല്ല. ഭീകരാക്രമണത്തിൽ തിരിച്ചടിച്ച സൈനികരെ അഭിനന്ദിച്ച രാഹുല്‍ ആ തീരുമാനം എടുത്ത കേന്ദ്രസർക്കാരിനെ കണ്ടില്ലെന്ന് നടിച്ചു. കേരളത്തിൽ സന്ദർശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കാതിരുന്നത്  കാപട്യത്തിൻ്റെ തെളിവാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

എ.ഐ.സി.സി മുൻ വക്താവായ ടോം വടക്കൻ ബിജെപി പാളയത്തിലേക്കെത്തിയതിൻ്റെ പിന്നാലെയാണ് ബിജെപി അധ്യക്ഷൻ്റെ പ്രതികരണം. പുൽവാമ അക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചുവടുമാറിയത്. ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൻ്റെ സാന്നിധ്യത്തിലാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം മടുപ്പിക്കുന്നുവെന്നും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശൈലിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളതെന്നും വടക്കൻ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.