കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു

ഡൽഹി: എ.ഐ.സി.സി മുൻ വക്താവ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. പുൽവാമ അക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് വടക്കൻ്റെ ചുവടുമാറ്റം. ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൻ്റെ സാന്നിധ്യത്തിലാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ കോൺഗ്രസ് നേതൃത്വം തെളിവ് ചോദിച്ചത് മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കി. ഇക്കാരണത്താലാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം മടുപ്പിക്കുന്നുവെന്നും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശൈലിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെന്നും വടക്കൻ കുറ്റുപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിച്ചുവെന്നും തന്നെ സ്വീകരിച്ചതിന് മോദിക്കും അമിത്ഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും വടക്കൻ പറഞ്ഞു. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചു വരുകയായിരുന്നു. പല ചാനൽ ചർച്ചകളിലും പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത് വടക്കനായിരുന്നു.