കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വൈകി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കരമനയിൽ കൊഞ്ചിറവിള സ്വദേശി അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ വൈകിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അനന്തുവിനെ തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞിട്ടും രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമല്ലെന്ന് അനന്തുവിൻ്റെ ബന്ധുക്കളും ആരോപിച്ചിരുന്നു.

ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് ക്രൂരമായി മർദ്ദിച്ചാണ് അനന്ദുവിനെ അക്രമിസംഘം കൊലപ്പെടുത്തിയത്. അനന്തുവിന്‍റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള  5 പരിക്കുകളാണുണ്ടായിരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്‍റെ രണ്ട് കൈ ഞരമ്പുകളും ആഴത്തിൽ മുറിച്ചിരുന്നു.

കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിക്കുകയും ക്രൂരമായ മര്‍ദ്ദനത്തില്‍ അനന്തുവിൻ്റെ തലയോട്ടി തകർക്കുകയും ചെയ്തിരുന്നു.അനന്ദുവിൻ്റെ സുഹൃത്തുക്കളാണ് മൃതദേഹവും ബൈക്കും ആദ്യം കണ്ടെത്തിയത്. കരമനയിലെ ഒരു ബൈക്ക് ഷോറൂമിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയിത്. മര്‍ദ്ദനത്തിന് ഉപയോഗിച്ച കരിക്ക്, കല്ല്, കമ്പ് എന്നിവ സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്‍റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് അനന്തുവിനെ കരമനയിലെ തളിയിൽ അരശുമൂട് നിന്നും തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗ സംഘം കടത്തി കൊണ്ടുപോവുകയായിരുന്നു. അനന്തുവിൻ്റെ ഫോണിലേക്ക് മറ്റൊരു സുഹൃത്ത് വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവും തമ്മിൽ  തർക്കമുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ച പ്രശ്നമെന്നാണ് പോലീസ് നിഗമനം.

അതേസമയം അനന്തുവിൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പോലീസ് പിടിയിലായിട്ടുണ്ട്. അനന്തുവിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് പിടിയിലായ പ്രതികള്‍ പോലിസിന് മൊഴി നല്‍കി. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയിൽ ചേർത്തുവച്ച മർദ്ദിച്ചുവെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.  കൊലപാതകത്തിന് മുമ്പ് പ്രതികൾ നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മറ്റുള്ള പ്രതികൾ കേരളം വിട്ടതായാണ് സൂചന.