കേരളാ കോൺഗ്രസിലെ സീറ്റുതർക്കം; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്; പ്രശ്നം വഷളായാൽ സ്ഥാനാർത്ഥി മാറ്റത്തിന് കോൺഗ്രസ് ആവശ്യപ്പെട്ടേക്കും

തൃശ്ശൂർ: സീറ്റ് വിഭജനത്തിലുള്ള കേരള കോൺഗ്രസിലെ തർക്കത്തിൽ ഹൈക്കമാൻഡിനും അതൃപ്തി. പാർട്ടിക്കുള്ളിലെ ഭിന്നത മറ്റ് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തല്‍.  ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മുന്തൂക്കം കളഞ്ഞുകുളിക്കുന്ന നിലയിലേക്ക് തർക്കം വഷളായതോടെയാണ് ഹൈക്കമാൻഡും അതൃപ്തി പ്രകടിപ്പിച്ചത്. പാർട്ടിക്കുള്ളിലെ തർക്കത്തെക്കുറിച്ച് നേതാക്കളിൽ നിന്നും ഹൈക്കമാൻഡ് വിശദാംശങ്ങൾ തേടിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായാൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി ഇരുകൂട്ടർക്കും യോജിപ്പുള്ള പൊതുസമ്മതനെ നിർത്തുക, അല്ലെങ്കില് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോൺഗ്രസിൽ ഉയരുന്നുണ്ട്. ഇനി  കേരളാ കോൺഗ്രസിനോട് ഉദാര സമീപനം വേണ്ടെന്നും കോൺഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

ഇതിനിടെ സീറ്റിന്റെ കാര്യത്തില് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് പി.ജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു. പ്രശനപരിഹാരത്തിനായുള്ള ചര്‍ച്ച തുടരുകയാണ്. പല നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ടെന്നും നാളെ വൈകീട്ടോടെ തീരുമാനം അറിയാമെന്നും പി.ജെ ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം, തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുമായി  ജോസഫ് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ജോസഫ്  ഉപാധികള്‍ മുന്നോട്ട് വച്ചു. തല്‍ക്കാലം പാര്‍ട്ടിയില്‍ തുടരാം. എപ്പോള്‍ പാര്‍ട്ടി വിട്ടു വന്നാലും യുഡിഎഫില്‍ ഇടം നല്‍കണമെന്നും കോട്ടയത്തെ സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുതെന്നും ജോസഫ് ആവശ്യപ്പെട്ടിരുന്നു. മോന്‍സ് ജോസഫ്, ടി.യു.കുരുവിള എന്നിവരും ജോസഫിനൊപ്പമുണ്ടായിരുന്നു.